പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ ഡേറ്റാനിരക്കിൽ വൻ മാറ്റങ്ങൾ വരുത്തി പുതുക്കിയ നിരക്കുകൾ പുറത്തിറക്കി. പ്രീപെയ്ഡ് വരിക്കാർക്ക് പരിധിയില്ലാ ഡേറ്റാ ഓഫറാണ് ഇതിൽ പ്രധാനപ്പെട്ടത്. എസ്ടിവി 398, 629, 2399 എന്നീ മൂന്നു പ്ലാനുകളാണ് അൺലിമിറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അൺലിമിറ്റഡ് ഡേറ്റാ ഓഫറിൽ നിശ്ചിത ഡേറ്റ ഉപയോഗത്തിനു ശേഷം അധിക ചാർജ് ഈടാക്കാതെ ഇന്റർനെറ്റ് വേഗം കുറയ്ക്കുകയാണു ചെയ്യുക. നിശ്ചിത ഡേറ്റാ ഉപയോഗത്തിനു ശേഷം വേഗം 80 കെപിബിഎസിലേക്കു താഴ്ത്തും. എസ്ടിവി 398 ൽ 30 ദിവസത്തേക്ക് രണ്ടു ജിബിയാണ് സാധാരണ വേഗത്തിൽ ഉപയോഗിക്കാവുന്നത്.
എസ്ടിവി 629 ൽ 30 ദിവസത്തേക്കു മൂന്നു ജിബി ഉപയോഗിക്കാം. എസ്ടിവി 2399 പ്ലാനിൽ 60 ദിവസത്തേക്കു 16 ജിബിയാണു സാധാരണ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നത്. കേരള സർക്കിളിൽ മാത്രമാണ് ബിഎസ്എൻഎൽ ഇത്തരത്തിൽ അൺലിമിറ്റഡ് പ്ലാൻ അവതരിപ്പിക്കുന്നത്. എന്നാൽ സാധാരണ വേഗം നൽകുന്ന ഫെയർ യൂസേജ് പോളിസിക്കു (എഫ്‌യുപി) ശേഷം 80 കെപിബിഎസിലേക്ക് ഇന്റർനെറ്റ് വേഗം താഴ്ത്തുന്നത് ഉപയോക്താക്കൾ എങ്ങനെ സ്വീകരിക്കുമെന്നു വരും ദിവസങ്ങളിൽ അറിയാം.
ഇതിനു പുറമെ ജനപ്രിയ ഡേറ്റ ഓഫറുകളുടെ സമയപരിധിയിലും മാറ്റം വരുത്തി. 68 രൂപയ്ക്ക് ഒരു ജിബി ഡേറ്റ രണ്ടു ദിവസത്തേക്കെന്നുള്ള പ്ലാനിന്റെ കാലാവധി ഒരു ദിവസമാക്കി കുറച്ചു. 155 രൂപയ്ക്കു 18 ദിവസത്തേക്ക് ഒരു ജിബി ഡേറ്റ എന്ന പ്ലാൻ വാലിഡിറ്റി 15 ദിവസമായും കുറച്ചു. 28 ദിവസത്തേക്ക് ഒരു ജിബി ഡേറ്റ എന്ന 198 രൂപയുടെ ഓഫർ വാലിഡിറ്റി 24 ദിവസത്തിലേക്കും 30 ദിവസത്തേക്ക് 2.2 ജിബി ഡേറ്റ എന്ന 291 രൂപയുടെ ഓഫർ വാലിഡിറ്റി 28 ദിവസത്തിലേക്കും കുറിച്ചിട്ടുണ്ട്.



0 comments:
Post a Comment