
വാട്സാപ്പ് പുതിയ 'അൾട്രാ -ലൈറ്റ് വൈഫൈ' സവിശേഷതയോടെ സേവനം ആരംഭിച്ചുവെന്നും ഈ സംവിധാനം നിങ്ങളുടെ സ്മാർട്ട്ഫോണിൽ സജീവമാക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യണമെന്ന് അവശ്യപ്പെട്ടുകൊണ്ട് മെസേജുകൾ വാട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ലിങ്ക് ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന മെസേജുകൾ വാട്സാപ്പ് അയക്കില്ല എന്ന സത്യം മനസ്സിലാക്കാതെ പലരും മെസേജിൽ കാണുന്ന ലിങ്ക് അമർത്തുകയും ഫോണിലേക്ക് വൈറസിനെ സ്വയം വിളിച്ചു വരുത്തുകയും ചെയ്യും.
ഇത്തരത്തിൽ വാട്സാപ്പ് സന്ദേശത്തിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഈ സേവനം നിങ്ങളുടെ മൊബൈലിൽ സജീവമാക്കാൻ പതിനഞ്ച് സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്യണം എന്ന രീതിയിൽ തുടർ സന്ദേശം പ്രത്യക്ഷപ്പെടുകയും അത്തരത്തിൽ നൽകുന്ന നമ്പറുകളിലേക്ക് സ്പാം മെസേജുകൾ അയക്കപ്പെടുകയും ചെയ്യും. വിവിധ ഓൺലൈൻ സർവേ പോർട്ടലുകളിലേക്ക് ഈ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയോ നിങ്ങളുടെ ഫോണിലെ പ്രധാന വിവരങ്ങൾ ചോർത്തപ്പെടുകയോ ചെയ്യാം.
സന്ദേശം പറയുന്നത് പോലെ പതിനഞ്ച് സുഹൃത്തുക്കളെ ഈ സേവനം ആക്ടിവേറ്റ് ചെയ്യാൻ ക്ഷണിക്കുകയും ആ ജോലികളെല്ലാം പൂർത്തിയാക്കി തുടർന്ന് 'ആക്റ്റിവേഷൻ ' ബട്ടൺ ക്ലിക്ക് ചെയ്യുമ്പോഴേക്കും നിങ്ങൾ ഒന്നോ അതിലധികമോ ഓൺലൈൻ സർവേകൾ കൂടി പൂർത്തിയാക്കണമെന്ന സന്ദേശം സ്ക്രീനിൽ തെളിയും.ഈ സർവേകളുടെ ഭാഗമായി നിങ്ങളുടെ പേരും ഇ മെയിൽ വിലാസവും നൽകേണ്ടി വരും. ഇത്തരത്തിൽ നിങ്ങൾ നൽകുന്ന ഇ മെയിൽ വിലാസവും സ്പാമിങ്ങിനു ഇരയാവുകയും, നിങ്ങളുടെ ഇൻ ബോക്സിലേക്ക് ഈ സർവേ സോഫ്ട്‌വയർ മുൻകൂട്ടി തയാറാക്കി അയക്കുന്ന മെയിലിലെ ഏതെങ്കിലും ലിങ്കിൽ നിങ്ങൾ ക്ലിക്ക് ചെയ്‌താൽ ഒരു പക്ഷേ നിങ്ങളുടെ മെയിൽ ഐഡി ഹാക്ക് ചെയ്യപ്പെടാനോ നിങ്ങളുടെ അഡ്രസ്സ് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം നിങ്ങളുടെ പേരിലുള്ള സ്പാം ഇ മെയിൽ സന്ദേശം പോകാനും സാധ്യതയുണ്ട്.
ഇങ്ങനെ ഫോണിലും പിസിയിലുമായി മാൽവെയറുകൾ കുത്തി നിറയ്ക്കാനുള്ള താക്കോലായി നിങ്ങൾ ക്ലിക്ക് ചെയ്യുന്ന ഒരു ലിങ്ക് മാറുന്ന കാഴ്ച കാണാം. വാട്സാപ്പ്, ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകൾ നൽകുന്ന പുതിയ സേവനങ്ങൾ അവരുടെ ഔദ്യോഗിക ബ്ലോഗിൽ അല്ലെങ്കിൽ സൈറ്റ് വഴിയാകും പ്രഖ്യാപിക്കുക എന്നതും ഇത്തരം വിവരങ്ങൾ വിവിധ മാധ്യമങ്ങൾ വഴി ഉടൻ തന്നെ അറിയാൻ കഴിയും എന്നീ അടിസ്ഥാന വിവരങ്ങൾ ഓർത്ത് വച്ചാൽ ഇത്തരം സ്പാം സന്ദേശങ്ങൾ പൊട്ടി മുളയ്ക്കാതെയും പടരാതെയും തടയാൻ നമുക്ക് കഴിയും.



0 comments:
Post a Comment