
ഐഫോൺ എസ്ഇയുടെ ജയ പരാജയ വാദങ്ങൾക്കിടയിൽ അടുത്ത ഐഫോണിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. 2017 വരെ; അതുവരെ പുറത്തിറക്കിയ ഫോണുകൾക്ക് വിപണിയൊരുക്കിയ ശേഷം പുതിയ സ്മാർട് ഫോൺ മോഡൽ വിപണിയിലെത്തിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഐഫോൺ 7, ഐഫോൺ 8 എന്ന പേരിൽ പ്രതീക്ഷിക്കുന്ന പുതിയ ഫോണുകൾ അത്യാധുനിക സൗകര്യങ്ങളോടെയാകും വിപണിയിലെത്തുക. വെർച്വൽ റിയാലിറ്റി, ത്രിഡി വിഡിയോ എന്നിവക്ക് ഏറെ പ്രാധാന്യം നൽകാൻ പുതിയ ഫോണിലൂടെ ആപ്പിൾ ശ്രമിക്കും.
അലൂമിനിയം അധിഷ്ഠിതമായ ഫുൾ മെറ്റാലിക് രൂപകൽപ്പനയെ കൈവെടിഞ്ഞ് ഗ്ലാസ്സ് നിർമ്മിത ഫോണുമായായിരിക്കും ആപ്പിൾ അടുത്ത പുതുവർഷത്തിൽ എത്തുകയെന്നാണ് പുതിയ റിപ്പോർട്ട്. ഐഫോൺ 8 എന്ന മോഡൽ എറക്കുറേ ഗ്ലാസിൽ തീർത്ത ഒന്നായിരിക്കും. അമോലെഡ് ഡിസ്പ്ലേയുടെ ദൃശ്യവിരുന്ന് ആസ്വദിക്കാൻ 2017 മുതൽ ഐഫോൺ ഉപയോക്താക്കൾക്കാകും. ഐഫോൺ 4 ലും 4 എസിലും മുന്നിലും പിന്നിലും പ്രത്യേക ഗ്ലാസ് കവചമൊരുക്കിയിരുന്നു. എന്നാൽ പഴയ ഹാൻഡ്സെറ്റിലെ സ്റ്റെയിൻ ലെസ് സ്റ്റീൽ ബാൻഡ് ഉപയോഗിച്ച് ബന്ധിപ്പിച്ച രൂപകൽപ്പനയിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഐഫോൺ 8 ൽ ആപ്പിൾ പരീക്ഷിക്കുക.
അതേസമയം, ഗ്ലാസ് ബോഡി പെട്ടെന്ന് പൊട്ടുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇത് മറികടക്കാൻ മികച്ച, പൊട്ടാത്ത ഗ്ലാസ് ആയിരിക്കും ഉപയോഗിക്കുക. അലുമിനിയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ഭാരമുളള ഗ്ലാസിന്റെ ഭാരക്കൂടുതൽ തുലനാവസ്ഥയിലെത്തിക്കാൻ അമോലെഡ് ഡിസ്പ്ലേയുടെ കനക്കുറവിനാകും. സാംസങ്ങിൽ നിന്നാകും ഐഫോൺ 8 ൽ ഘടിപ്പിക്കാനുള്ള ഒഎൽഇഡി ഡിസ്പ്ലേകൾ ആപ്പിൾ വാങ്ങുക. പൂർണമായും ഗ്ലാസ്സിൽ തയാറാക്കിയ ആദ്യ ഐഫോൺ എന്ന പേരുമായെത്തുന്ന ഐ ഫോൺ 8 ന് മുൻപേ 2016 അവസാനത്തോടെ ഐഫോൺ 6 എസ് പ്ലസിന് സമാനമായ രൂപകൽപ്പനയോടുള്ള ഐ ഫോൺ 7 പുറത്തിറങ്ങും. എന്നാൽ ഐഫോൺ 8ലെ ഫീച്ചറുകളെ കുറിച്ച് ആപ്പിൾ പ്രതികരിച്ചിട്ടില്ല.
വിപണി പിടിക്കുന്നതിന്റെ തന്ത്രമായി നിരവധി പുതിയ ഫീച്ചറുകൾ ഐഫോൺ 7, 8 ൽ പരീക്ഷിക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങൾ നടക്കുകയാണ്. ഇതിനിടെ ഐഫോൺ എസ് 6, എസ് 6 പ്ലസ് എന്നിവയ്ക്ക് പിന്നാലെ കമ്പനി വിപണിയിലെത്തിച്ച ഐഫോൺ എസ് ഇ എന്ന 4 ഇഞ്ച് സ്മാർട് ഫോണിന് ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഫോണുകൾക്ക് ബ്രാന്റ് വാല്യുവിനെക്കാൾ ഇന്ത്യക്കാർ മുൻഗണന നൽകുന്നതാണ് ഐഫോൺ എസ് ഇ ഇന്ത്യയിൽ പരാജയപ്പെടാൻ കാരണം.
Source:manoramaonline



0 comments:
Post a Comment