
എൽഇ ഇക്കോ (Le Eco) ചൈനയിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ വച്ച് മൂന്ന് അതിനൂതന സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു. എൽഇ ഇക്കോ എൽഇ 2, എൽഇ 2 പ്രോ, എൽഇ മാക്സ് 2 എന്നിവയാണ് വിപണിയിലെത്തിച്ച പുതിയ ഫോണുകൾ. ചൈനയിലെ ബീജിംഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൽ.ഇ ഇക്കോ (Le Eco) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച എൽഇ മാക്സ് (Le Max ), എൽഇ 1 എസ് (Le 1S ) എന്നീഫോണുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവയ്ക്ക് പിന്നാലെ അവതരിപ്പിക്കപ്പെട്ട ഈ മോഡലുകൾ 3.5 എംഎം ഓഡിയോ ജാക്ക് ഇല്ലാതെയാകും ഉപഭോക്താവിന്റെ കയ്യിലെത്തുന്നത്.സാധാരണ സ്മാർട്ട് ഫോണുകളിലെ ഓഡിയോ കണക്ടിവിട്ടിയായ 3.5 എംഎം ജാക്ക് ഒഴിവാക്കി സി-ടൈപ് യുഎസ്ബി ഓഡിയോ ഇന്റർഫേസാണ് എൽഇ 2, എൽഇ 2 പ്രോ, എൽഇ മാക്സ് 2 എന്നീ പുതിയ മൂന്നു ഫോണുകളിലും എൽഇ ഇക്കോ ഉപയോഗിച്ചിരിക്കുന്നത്. ചൈനയിൽ നടന്ന എൽഇ ഇക്കോ ഫോൺ അവതരണ ചടങ്ങിൽ വച്ചു കമ്പനിയുടെ പുതിയ വിർച്ച്വൽ റിയാലിറ്റി ഹെഡ് സെറ്റുകളും അനാവരണം ചെയ്യപ്പെട്ടു. പുതിയ മൂന്നു സ്മാർട് ഫോണുകളും ഈ വി ആർ ഹെഡ് സെറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ്. മെറ്റാലിക് രൂപകൽപ്പനയുമായി എത്തുന്ന ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അടിസ്ഥാനമാക്കിയുള്ള ഇമോഷൻ യുഐ 5.6.01 സ്കിന്നിലാണ് പ്രവർത്തിക്കുന്നത്.
എൽഇ ഇക്കോ എൽഇ 2
1080x1920 പിക്സൽ റെസലൂഷൻ നൽകുന്ന, 403 പിപി ഐ പിക്സൽ സാന്ദ്രത നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനോട് കൂടിയെത്തുന്ന എൽഇ ഇക്കോ എൽഇ 2 സ്മാർട് ഫോൺ 2.3 ജിഗാ ഹെട്സ് വേഗത നൽകുന്ന ഡെക്കാ കോർ ഹീലിയോ x20 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. 3 ജിബി റാമോട് കൂടിയ ഫോണിന് മാലി ജിപിയു മികച്ച ഗെയിമിംഗ് വേഗത നൽകുന്നു. 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 16 മെഗാപിക്സൽ റിയർ ക്യാമറ എന്നിങ്ങനെയാണ് ക്യാമറകളുടെ പ്രത്യേകതകൾ. 32 ജിബി ഇൻബിൽറ്റ് സംഭരണം വാഗ്ദാനം ചെയ്യുന്ന എൽഇ 2 ന് 3000 എംഎഎച്ച് ബാറ്ററിയാണുള്ളത്.
എൽഇ 2 പ്രോ
ഏതാണ്ട് ഒരേ ഡിസ്പ്ലേ, ഒരേ ഫ്രണ്ട് ക്യാമറ പിക്സൽ വ്യക്തത, അതേ ഇൻബിൽറ്റ് സ്റ്റോറേജ്, ഒരേ കണക്ടിവിറ്റി ഓപ്ഷനുകൾ എന്നിവയുമായാണ് എൽഇ ഇക്കോ എൽഇ 2 സ്മാർട് ഫോണിന്റെ പ്രോ വേരിയന്റായ എൽഇ 2 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 21 മെഗാപിക്സൽ റിയർ ക്യാമറയുമായി എത്തുന്ന ഈ ഫോണിനു 2.5 ജിഗാ ഹെട്സ് വേഗത നൽകുന്ന ഡെക്കാ കോർ ഹീലിയോ x25 സിസ്റ്റം ഓൺ ചിപ്പ് പ്രോസസറാണ് കരുത്ത് പകരുന്നത്. 4 ജിബി റാമോടു കൂടിയ ഫോണിന് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന 3000 എംഎഎച്ച് ബാറ്ററിയാനുള്ളത്.
എൽഇ മാക്സ് 2 സ്മാർട്ട് ഫോൺ 1440x2560 പിക്സൽ റെസലൂഷൻ നൽകുന്ന 5.7 ഇഞ്ച് ഡിസ്പ്ലേയോടെയാണ് എത്തുന്നത്. മറ്റു രണ്ടു ഫോണുകളേക്കാൾ വലിപ്പമുള്ള സ്ക്രീനോട് കൂടിയ ഫോണിനു 515 പിപിഐ പിക്സൽ സാന്ദ്രത നൽകുന്ന ഡിസ്പ്ലേയാണുള്ളത്. 64-ബിറ്റ് ക്വാഡ് കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 820 പ്രോസസർ കരുത്തേകുന്ന ഫോണിനു 6 ജിബി LPDDR4 റാമാണുള്ളത്. വിശാലമായ റാമുമായെത്തുന്ന ഫോണിൽ അഡ്രിനോ 530 ജിപിയു മികച്ച ഗെയിമിംഗിനുള്ള അവസരമൊരുക്കുന്നു. 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയോടെയെത്തുന്ന സ്മാർട് ഫോണിൽ ഒരു 21 മെഗാപിക്സൽ സോണി സെൻസർ റിയർ ക്യാമറയുമുണ്ട്. ക്വാൾകോം ക്വിക് ചാർജിംഗ് 3.0 സാങ്കേതികവിദ്യ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 3100 എംഎഎച്ച് ബാറ്ററിയാണ് എൽഇ മാക്സ് 2 വിനുള്ളത്. 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജാണ് ഈ ഫോണിൽ എൽഇ ഇക്കോ വാഗ്ദാനം ചെയ്യുന്നത്.
4 ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എ-ജിപിഎസ്, മൈക്രോ-യുഎസ്ബി ടൈപ്പ് -സി കണക്റ്റിവിറ്റികൾ പിന്തുണയ്ക്കുന്ന ഈ മൂന്നു ഫോണുകളും കമ്പനിയുടെ വെബ്സൈറ്റിൽ പ്രീ ഓർഡർ ചെയ്യാവുന്നതാണ്. എൽഇ മാക്സ് 2 വിന്റെ 4 ജിബി റാമിനോപ്പം 32 ജിബി ആന്തരിക സംഭരണ ശേഷിയുള്ള മോഡലിനു ഏകദേശം 21,500 രൂപയും, 4 ജിബി റാമും 64 ജിബി ആന്തരിക സംഭരണ ശേഷിയുള്ള മോഡലിനു ഏകദേശം 23 ,500 രൂപയും 6 ജിബി റാമും 64 ജിബി ആന്തരിക സ്റ്റോറേജ് ശേഷിയുള്ള മോഡലിനു ഏകദേശം 25,600 രൂപയുമാണ് വില വരുന്നത്. എൽഇ 2 സ്മാർട്ട്ഫോണിന് 11,200 രൂപയും എൽഇ 2 പ്രോയ്ക്ക് 15,300 രൂപയുമാണ് ഏകദേശ വില.



0 comments:
Post a Comment